Saturday, June 26, 2021

സമസ്ത : ഉമ്മത്തിന്റെ ഈമാനിന് കാവലിരുന്ന ഒമ്പതരപതിറ്റാണ്ട്

 

സമസ്ത : ഉമ്മത്തിന്റെ ഈമാനിന് കാവലിരുന്ന ഒമ്പതരപതിറ്റാണ്ട്

നേട്ടമാണ് നേതൃത്വ മഹിമയുടെ 95 വർഷങ്ങൾ


 JUNE -26 (1926-2021)   


 

പ്രവാചക കാലഘട്ടത്തിൽ തന്നെ പരിശുദ്ധ ദീനിന്റെ  പരിമളം പരന്നൊഴുകിയ പ്രദേശമാണ് നമ്മുടെ കൊച്ചു കേരളം.തിരുനബി(സ്വ)യിൽ നിന്നും  അനുഭവിച്ചും  ആസ്വദിച്ചും  ആർജ്ജിച്ചെടുത്ത  പരിശുദ്ധ ദീനിന്റെ  സുന്ദരപാഠങ്ങൾ അവിടുത്തെ നക്ഷത്രതുല്യരായ അനുചരന്മാരിൽ നിന്നും കലർപ്പില്ലാതെ കരസ്ഥമാക്കാൻ കഴിഞ്ഞത് നമ്മുടെ പൂർവിക പരിശുദ്ധപായികർക്ക്  നാഥൻ കനിഞ്ഞുനൽകിയ  അനിർവചനീയമായ അനുഗ്രഹമാണ്.  തന്മൂലം തന്നെ വ്യക്തമായ ദിശാബോധമുള്ള പണ്ഡിതരും അവരിൽ നിന്നും ധാർമിക മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിതം നയിച്ചിരുന്ന അനുചരവൃന്ദവും  കേരളീയ മണ്ണിൽ പൊതുചരിത്രം രചിച്ചു.

 

ഇങ്ങനെ എവിടെ നോക്കിയാലും സമാധാനവും ശാന്തിയും കളിയാടിയിരുന്ന സുന്ദരകാലഘട്ടത്തിലേക്കാണ് അടിമത്തത്തിന്റെയും  നീതിനിഷേധത്തിന്റെയും ദു:സ്വപ്നങ്ങൾ സമ്മാനിച്ച്  ഭാരതീയ മണ്ണിന്റെ  വിരിമാറിലേക്ക് അധിനിവേശ ശക്തികൾ അവിചാരിതമായി കടന്നുവരുന്നത്. കച്ചവടക്കാരായി വന്നവർ കലാപകാരികളും കാപാലകരുമായി കൈയ്യടക്കലുകൾക്ക് മുതിർന്നപ്പോൾ ജനിച്ചുവളർന്ന മണ്ണിൽ  സ്വാതന്ത്ര്യത്തിന്റെ സുന്ദരവായു  ശ്വസിച്ചു ജീവിക്കാൻ അധിനിവേശ ശക്തികൾക്കെതിരെ നമ്മുടെ പൂർവികർ അഹോരാത്രം പോരാടി. നമ്മുടെ  പൂർവികരായ മുസ്ലിം സഹോദരന്മാരുടെ  പ്രഭ മങ്ങാത്ത പോരാട്ട വീര്യങ്ങൾ ചരിത്രത്തിന്റെ സുന്ദരമായ ഏടുകളിൽ  നമുക്ക് കാണാൻ സാധിക്കും.

 സ്വാതന്ത്രസമരത്തോടനുബന്ധിച്ച് മലബാറിന്റെ കുഗ്രാമങ്ങളിൽ അരങ്ങേറിയ 1921-ലെ മലബാർ കലാപം മലബാറിലെ മുസ്ലിം ഉമ്മത്തിനെ  സർവ്വ മേഖലകളിലും അരക്ഷിതാവസ്ഥയിലേക്കും നിരാലംബതയിലേക്കും വഴിനടത്തി.കലാപത്തിന്റെ  അലയൊലികൾ കെട്ടടങ്ങുന്നതിനും കലാപം തീർത്ത മുറിപ്പാടുകൾ ഉണങ്ങുന്നതിനും മുമ്പേ കേരളീയ മണ്ണിലേക്ക് ചിദ്രത  കലർത്തി കടന്നുവന്ന വിധത്തിൽ വിഷബീജങ്ങളുള്ള കരിനാഗങ്ങൾ  ഉമ്മത്തിനെതിരെ പത്തിവിടർത്തി പാഞ്ഞടുക്കുന്ന സങ്കടകരമായ സാഹചര്യം സംജാതമാവുകയും മലബാർ കലാപാനന്തരം ജീർണ്ണതയിലും  നിരാലംബതയിലും  അകപ്പെട്ട സാഹചര്യവും ഉമ്മത്തിന്റെ മതരംഗം വഷളാക്കിയപ്പോൾ കേരള മുസ്ലിം സമുദായത്തിന്റെ  നഷ്ടപൈതൃകങ്ങളുടെ പ്രതാപം വീണ്ടെടുക്കുന്നതിനുവേ ണ്ടി ക്രാന്തദർശികളായ പണ്ഡിതവരേണ്യർ  1926- ജൂൺ- 26 ന്  അസ്ഥിവാരമിട്ടഅനിവാര്യ തക്ക്  കാലം നൽകിയ പേരാണ് "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ".

click here

 


 പ്രമുഖ പണ്ഡിതപ്രതിഭകൾ രൂപം നൽകിയ പ്രസ്ഥാനമായതുകൊണ്ടും കാലഘട്ടത്തിലെ സൂഫികൾ  അണിനിരന്ന അജയ്യമായ  പടയണിയായതുകൊണ്ടും ഉമ്മത്തിന്റെ  വിശ്വാസം ആർജ്ജിച്ചെടുക്കുവാൻ സമസ്തക്ക് അധികനാൾ താമസിക്കേണ്ടി വന്നില്ല.  തന്മൂലം തന്നെ ഉമ്മത്തിന്റെ സാമുദായിക- സാംസ്കാരിക- ധാർമിക സമുദ്ധാരണം അക്ഷരാർത്ഥത്തിൽ സമസ്തയുടെ ദൗത്യമായി മാറി. 1926 -ൽ  ഉദയം  ചെയ്ത സമസ്തയെന്ന  അതുല്യനക്ഷത്രം  ഒമ്പതര പതിറ്റാണ്ട് പിന്നിട്ട് ഇന്നും കാർമിക  മണ്ഡലത്തിൽ കത്തിജ്വലിക്കുകയാണ്.

 

 കേരളീയ മുസ്‌ലിം സമൂഹം ഇന്നനുഭവിക്കുന്ന സർവ്വ പുരോഗതിക്കും പിന്നിൽ സമസ്തയെന്ന സത്യസംഘത്തിന്റെ  അനിഷേധ്യമായ പങ്കുണ്ടെന്നതിൽ സന്ദേഹമില്ല.

 

ദശലക്ഷക്കണക്കിന് വിദ്യാർത്ഥിക്കൂട്ടങ്ങൾക്ക് അറിവ് പകർന്നു കൊടുത്ത്  ദീനി വിജ്ഞാന വഴിയിൽ വിദ്യാഭ്യാസ ബോർഡ് ഇന്നും വിസ്മയമായി നിൽക്കുകയാണ്.  കാക്കത്തൊള്ളായിരം സംഘടനകൾ ഉണ്ടാവുമ്പോഴും മുസ്‌ലിം സമൂഹത്തിനെതിരെയുള്ള ഭരണകൂട തേർവാഴ്ചകൾക്കെതിരെ വിരൽ ചൂണ്ടുന്നതിനും  അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഇന്നും മുമ്പിൽ സമസ്തയാണ്. കള്ള ത്വരീഖത്തുകളെയും  പുത്തൻവാദികളെയും മുഖംനോക്കാതെ വിമർശിക്കുന്നതും ഈ സംഘത്തിന് പ്രൗഢി നൽകുന്നു.

click here

നേരിന്റെ  നാക്കും കർമ്മചേതനയുടെ കരവുമുയർത്തി വിശുദ്ധമായ വഴിയിൽ എന്നും പ്രതാപത്തോടെ നിൽക്കാൻ സമസ്തക്ക് കരുത്ത് പകരുന്നത് ആർജ്ജവമുള്ള കീഴ്ഘടകങ്ങളാണ്. എണ്ണപ്പെരുപ്പത്തിന് വേണ്ടിയല്ല ഇത്രയും കീഴ്ഘടകങ്ങൾ. മറിച്ച് കാലത്തിന്റെ അനിവാര്യതയാണ് ഇത്രയും കീഴ്ഘടക രൂപീകരണത്തിന് പിന്നിലുള്ളത്.

 

 ഒമ്പതര പതിറ്റാണ്ട് പിന്നിട്ട്  പ്രതാപത്തോടെ സഞ്ചരിക്കുമ്പോഴും ചില അൽപന്മാരായ ഉത്പതിഷ്ണുക്കളുടെ ഭാഗത്തുനിന്ന് ഈ സത്യ പ്രസ്ഥാനത്തിനെതിരെ മഴവെള്ളപ്പാച്ചിൽ കണക്കെ  വിമർശനങ്ങളും ആരോപണങ്ങളും കുത്തിയൊലിച്ചു വരാറുണ്ട്. മസ്അല പരമായി ചിലർ വിട്ടു നിന്നപ്പോൾ മറ്റുചിലർ  സ്ഥാനമാനങ്ങളും മോഹിച്ച് വിട്ടുനിന്നു.  പക്ഷെ.വിമർശനങ്ങളും ആരോപണങ്ങളും അലയടിച്ചു വരുമ്പോഴും സ്വന്തം  ആദർശ ആരാന്റെ ആലയിൽ കെട്ടാതെ ഉമ്മത്തിന്റെ ഈമാനിനെ കാവലിരുന്ന്  സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി അലങ്കാരമില്ലാത്ത സർവാംഗീകൃതരായ പണ്ഡിതവരേണ്യരുടെ തണലിൽ സമസ്ത ഇന്നും അജയ്യമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

 

 അനിവാര്യതയുടെ പിറവി :-


 പ്രവാചക കാലത്തുതന്നെ അവിടുത്തെ നക്ഷത്രതുല്യരായ അനുചരന്മാരിൽ നിന്നും ദീനീവിജ്ഞാനം കരസ്ഥമാക്കിയ മലബാറിലെ മാപ്പിളമാർ ആർജ്ജിച്ചെടുത്ത അറിവനുസരിച്ച് ജീവിതം നയിച്ചതുകൊണ്ടുതന്നെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അവർ ജീവിച്ചു.

 

 എന്നാൽ.  മലബാർ കലാപാനന്തരം ഉമ്മത്തിന്റെ പ്രതാപങ്ങളും സുകൃതങ്ങളും നഷ്ടപ്പെടുകയും സമുദായം അരക്ഷിതാവസ്ഥയുടെ ഇരുളടഞ്ഞ ഗർത്തങ്ങളിൽ കൂപ്പുകുത്തുകയും ചെയ്തു.

 

 ഈയൊരവസരം മുതലെടുക്കാനാണ് നവീനവാദികൾ കേരളീയ മണ്ണിലേക്ക് കടന്നുവരുന്നത്.  ഉമ്മത്തിന്റെമേൽ ഇത്തിൾ കണ്ണികളായി കയറി സമുദായത്തിന്റെ മുഴുവൻ ഊർജ്ജവും വഴിതിരിച്ചുവിടുകയും സമുദായത്തിന്റെ ഈമാൻ കട്ടു കൊണ്ടുപോകുലുമായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. നജ്ദിലെ വറ്റിവരണ്ട മരുഭൂമികളിൽ നിന്നല്ല.ആധുനികതയുടെ സർവ്വ ആവരണങ്ങളും അണിഞൊരുങ്ങിയായിരുന്നു പുത്തനാശയക്കാർ കേരളത്തിലേക്ക് കടന്നു വന്നത്.

 

 ഇത്തരം പ്രശ്നങ്ങൾക്ക് വ്യക്തികളാൽ  നയിക്കപ്പെടുന്നതിന് പകരം സംഘമായി തെളിയ്ക്കപ്പെടുന്ന താണ് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുകയെന്ന്  തിരിച്ചറിഞ്ഞ പണ്ഡിത കേസരികൾ 1926 -ജൂൺ- 26-ന് കോഴിക്കോട് ടൗൺഹാളിൽ ഒരു പണ്ഡിത സംഗമം നടത്തി. ആത്മീയ ലോകത്തെ അറിവിൻ വസന്തങ്ങളാണ് അന്നവിടെ ഒരുമിച്ച് കൂടിയത്.വീട്ടിൽ നിന്ന്  പള്ളിയിലേക്കുള്ള വഴികളിലും നിവർത്തിപ്പിടിച്ച കാലൻകുടക്ക്  താഴെയും ഒതുങ്ങുന്ന ലോകമായിരുന്നു അവരുടെ ജീവിത പരിസരങ്ങൾ.

 

വരക്കൽ മുല്ലക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിക്കുകയും സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിക്കുകയും ചെയ്ത പ്രസ്തുത യോഗത്തിൽ സമസ്തയുടെ അനുവാര്യത ബോധ്യപ്പെടുകയും  കാര്യബോധവും കർത്തവ്യബോധ്യവുമുള്ള നായകരെ  കാര്യദർശികളായി തെരഞ്ഞെടുക്കുകയും ചെയ്തു. വരക്കൽ മുല്ലക്കോയ തങ്ങൾ അധ്യക്ഷനും പി. വി  മുഹമ്മദ് മുസ്ലിയാർ മുഖ്യ കാര്യദർശിയുമായാണ് പ്രഥമ കമ്മിറ്റി നിലവിൽ വന്നത്.

 
സാംസ്കാരിക- വിദ്യാഭ്യാസ നവോത്ഥാനം:-



ആദർശ പ്രചാരണത്തിനെന്നപോലെതന്നെ സമുദായത്തിന്റെ സാംസ്കാരിക -വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്കും സമസ്ത അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്.

 

 ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കേരളീയ മുസ്‌ലിം സമൂഹം നേടിയെടുത്ത വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റങ്ങൾക്കെല്ലാം പിന്നിൽ സമസ്തയെന്ന സത്യസംഘത്തിന്റെ അതുല്യമായ പ്രവർത്തനങ്ങളാണ്.

 

 ഒരു സമുദായത്തിന്റെ  സാംസ്കാരികവളർച്ചയിൽ സമുദായം വെച്ച്  പുലർത്തേണ്ട മതബോധനത്തിന് ര നിസ്തുല്യമായ പങ്കുണ്ടെന്ന്  തിരിച്ചറിഞ്ഞ് കൊണ്ട് തന്നെ സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് ബീജവാപം നൽകി. 1951- സെപ്റ്റംബർ- 17 -ന്  രൂപീകൃതമായി ലോകത്ത് തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചത്.കേരളത്തിലും ഇന്ത്യക്കകത്തും പുറത്തുമായി ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രാഥമിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും കരസ്ഥമാക്കുന്നത്.

 

 ഭൗതിക വിദ്യാഭ്യാസതലത്തിൽ പ്രൈമറിതലം തൊട്ട് എഞ്ചിനീയറിംഗ് കോളേജുകളും ആയിരക്കണക്കിന് സ്കൂളുകളുകളും ഇന്ന്  സമസ്തക്ക്  കീഴിൽ  നടന്നുവരുന്നു. സമൂഹത്തിനെതിരെയുള്ള ഭരണകൂട തേർവാഴ്ചകൾക്കെതിരെയും അർഹതപ്പെട്ട അവകാശങ്ങൾ ധ്വംസനം  ചെയ്യുന്ന ഹീനപ്രവർത്തനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലും  സമസ്ത മുന്നിലാണ്.

 

കർമ്മപഥത്തിൽ കനകം വിതറി കാലഭേദങ്ങളിൽ കാലിടറാതെ കീഴ്ഘടകങ്ങൾ:-

 

സമസ്തയുടെ സന്ദേശങ്ങൾ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാനും സമസ്തയുടെ കർമ്മങ്ങൾക്ക്  കരുത്ത് പകരുവാനും  സർവ്വമേഖലകളിലും ശ്രദ്ധചെലുത്തുന്നതിനും വേണ്ടി ധാരാളം പോഷക ഘടകങ്ങളും സമസ്തക്കുണ്ട്. എണ്ണപ്പെരുപ്പം   പറഞ്ഞ് പുളകം കൊള്ളാനല്ല മറിച്ച് കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഇത്രയധികം രൂപീകരണത്തിന് പിന്നിലുള്ളത്.

 പത്തുലക്ഷത്തിലധികം വിദ്യാർത്ഥികളും രണ്ടുലക്ഷം അധ്യാപകരുമായി ദീനിവിജ്ഞാന മേഖലയിൽ വിസ്മയം തീർക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്,സുന്നി യുവതക്ക് ഇടയിൽ സത്യത്തിന് സുന്ദര പാഠങ്ങൾ പകർന്നു കൊടുത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ച്  സമസ്തയുടെ ഊന്നുവടിയായി  മുന്നേറുന്ന സുന്നി യുവജന സംഘം.ആത്മീയ ചൂഷണം വ്യാജ ത്വരീഖത്തും കൂണുപോലെ പൊട്ടിമുളക്കുന്ന കാലത്ത് അത്തരക്കാരുടെ പൊയ്മുഖം സമൂഹം തുറന്നുകാട്ടി,  അർഹതപ്പെട്ട അവകാശങ്ങളും വാക്ക്  തന്ന നിയമങ്ങളും നേടിയെടുക്കുന്നതിനായി പോരാട്ടം നയിക്കുന്ന സുന്നി വിദ്യാർഥി പടയണി എസ്. കെ.എസ്. എസ്. എഫ്, മഹല്ല് ശാക്തീകരണത്തിന് സുന്നി മഹല്ല് ഫെഡറേഷൻ, സമൂഹത്തിന്റെ സംഘശക്തി ജംഇയ്യത്തുൽ മുഅല്ലിമീൻ, വിദ്യാർത്ഥി കൂട്ടത്തിന്റെ  സംഘശക്തി സുന്നി ബാലവേദി തുടങ്ങിയവ  സമസ്തയുടെ പോഷക ഘടകങ്ങളിൽ സുപ്രധാനമായതാണ്.

 

ആരോപണങ്ങളുടെ മറുപുറം:-

 

 കേരളീയ മുസ്ലിം ഉമ്മത്തിനിടയിൽ ഒമ്പതരപ്പതിറ്റാണ്ട് പ്രതാപ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് സമസ്ത അജയ്യമായി മുന്നേറുമ്പോഴും സമസ്തയുടെ ആദർശനിഷ്ഠയും ആൾബലവും അസഹനീയമായി അനുഭവപ്പെട്ട എതിർകക്ഷികൾ ഈ പ്രസ്ഥാനത്തെ കുത്തിനോവിപ്പിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്.

 

ഉച്ചഭാഷിണി ഉപയോഗം, സ്ത്രീവിദ്യാഭ്യാസം, ഖുർആൻ പരിഭാഷ,മദ്രസ പ്രസ്ഥാനം, തുടങ്ങിയ വിഷയങ്ങളിൽ ചിലർ സമസ്തയെ എതിർത്തുവെങ്കിലും സമസ്തയുടെ പക്ഷമാണ് ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. കാരണം സമസ്തയുടെ  തീരുമാനങ്ങൾ  മുഴുവൻ  സൂക്ഷ്മതയിൽ അധിഷ്ഠിതമായ, കർമശാസ്ത്ര ബദ്ധമായി രൂപംകൊണ്ടതാണ്.

 

പക്ഷേ. മലവെള്ളപ്പാച്ചിൽ കണക്കെ  ആരോപണങ്ങളും അപവാദങ്ങളും സമസ്തക്കെതിരെ കുത്തിയൊലിച്ചു വന്നെങ്കിലും അവയ്ക്കൊന്നും നമ്മുടെ അജയ്യമായ കുതിപ്പിന്  വിഘാതം സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.

 

 ചുരുക്കത്തിൽ.ഒരു മത സംഘടന എന്ന നിലക്ക് സാമുദായിക സമുദ്ധാരണത്തിന് വേണ്ടി രൂപം കൊണ്ട സമസ്തക്ക് കഴിഞ്ഞ ഒമ്പതരപ്പതിറ്റാണ്ട് കൊണ്ട് സ്ഥാപിത ലക്ഷ്യങ്ങളും വൈജ്ഞാനിക വിപ്ലവവും പ്രസരണവും ചെയ്തുതീർക്കാനായി എന്നുള്ളത് തീർത്തും ചാരിതാർത്ഥ്യം ഉള്ളതാണ്.

 

 മലവെള്ളപ്പാച്ചിൽ പോലെ വിമർശനങ്ങൾ വരുമ്പോഴും പൂർവ്വസൂരികളുടെ പ്രാർത്ഥന കൊണ്ടും സുകൃത സാന്നിധ്യം കൊണ്ടും കാലത്തിന്റെ നാഡിമിടിപ്പ് കണ്ടറിഞ്ഞ് പ്രവർത്തിച്ച്  സമസ്ത ഉത്തരോത്തരമല്ലാത്ത വിസ്മയ ഗോപുരമായി  ഒരു നൂറ്റാണ്ടിലേക്ക് നടന്നടുക്കുകയാണ്. ഖൽബിൽ ഈമാനും  നെഞ്ചിൽ തുടിപ്പുമുള്ള കാലത്തോളം ഈ സത്യസരണിയിൽ പാറ പോലെ അടിയുറച്ചു നിന്ന്  പർവ്വതം പോലെ ഉയർന്ന്  പ്രവർത്തിക്കാൻ നമുക്ക് കഴിയട്ടെ.. ആമീൻ

 

 

ദുആ  വസ്വിയ്യത്തോടെ :-

✒️ മുഹമ്മദ്‌ മിൻഹാജ് ഇ. കെ ചാഴിയോട്





1 comment:

all_about_CUET_entrence_examination_2022

സർ, എന്താണീ CUET (ക്യുയെറ്റ്) എൻട്രൻസ് പരീക്ഷ, എങ്ങിനെയാണ് അപേക്ഷിക്കേണ്ടത് അറിയേണ്ടെതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ...